സൂക്ഷ്മ പരിശോധന വേണമെന്ന് പ്രതിപക്ഷം; വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു

Advertisement

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് സ്പീക്കർ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്. ബില്ലിനെ എതിർക്കുന്ന ഇന്ത്യാ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്.

ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോയെന്നു കെ.സി.വേണുഗോപാൽ ചോദിച്ചു.

ബില്ലിനെ എതിർത്ത സമാജ്‍വാദി പാർട്ടി മുസ്‍ലിംകളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാൻ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും പ്രസ്താവിച്ചു. ബിൽ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഡിഎംകെയും അറിയിച്ചു. വഖഫ് ബോർഡുകളിൽ രണ്ട് മുസ്‌ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിർദേശമാണു ബില്ലിൽ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകൾ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 1923 ലെ മുസൽമാൻ വഖഫ് ആക്ട് പിൻവലിക്കാൻ മറ്റൊരു ബില്ലും അവതരിപ്പിക്കും.

1995ലെ വഖഫ് നിയമത്തിൽ 44 ഭേദഗതികളാണു കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. ബിൽ നിയമം ആയാൽ വഖഫ് ഇടപാടുകളിലും സ്വത്തു തർക്കങ്ങളിലും തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്ക് സവിശേഷാധികാരം ലഭിക്കും. ബോർഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ചു വഖഫ് ബോർഡിലെ ആറ് അംഗങ്ങൾ തെരഞ്ഞെടുപ്പിലൂടെയാണു സ്ഥാനം ഏൽക്കുന്നത്. ഇനി മുതൽ മുഴുവൻ അംഗങ്ങളെയും സർക്കാരിനു നേരിട്ടു നിയമിക്കാം.

Advertisement