യൂട്യൂബ് അക്കാദമി സ്ഥാപിക്കും, വൻ പദ്ധതി പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു, ഗൂഗിൾ ക്യാംപസ് അമരാവതിയിലേക്ക്

Advertisement

അമരാവതി: ആന്ധ്ര പ്രദേശിൽ ഗൂഗിൾ ക്യാംപസ് സ്ഥാപിക്കാൻ ധാരണ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്‍റെ യൂട്യൂബ് അക്കാദമിയാണ് അമരാവതിയിൽ തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂട്യൂബ് സിഇഒ നീൽ മോഹൻ, ഗൂഗിളിന്‍റെ ഏഷ്യാ പസഫിക് (എപിഎസി) മേഖലയുടെ പ്രസിഡന്‍റ് സഞ്ജയ് ഗുപ്ത എന്നിവരുമായുള്ള ചർച്ചയിലാണ് തീരുമാനം..

എഐ, നൈപുണ്യ വികസനം, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഹകരണത്തോടെ യുട്യൂബ് അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. ‘എഐ ഫോർ ആന്ധ്രാപ്രദേശ്, പവേർഡ് ബൈ ഗൂഗിൾ’ സംരംഭത്തിന് കീഴിൽ ഗൂഗിളുമായി സമഗ്രമായ പങ്കാളിത്തത്തിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി, ആരോഗ്യ മേഖല, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണം സംബന്ധിച്ച് ആന്ധ്രാ പ്രദേശ് സർക്കാരും ഗൂഗിളും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കും. ഇന്ത്യയുടെ ഡിജിറ്റൽ പ്രഭവ കേന്ദ്രമാകാനുള്ള പാതയിലാണ് ആന്ധ്രാ പ്രദേശെന്ന് ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു.

Advertisement