സ്വാതന്ത്ര്യദിന ആഘോഷം: പഴുതടച്ച അതിനൂതന സുരക്ഷയുമായി വിവിധ സേനാവിഭാ​ഗങ്ങൾ

Advertisement

ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുമ്പോള്‍ മുൻപൊരിക്കലുമില്ലാത്ത സുരക്ഷാ വലയത്തിലായിരിക്കും രാജ്യ തലസ്ഥാനം. നഗരത്തിന് പഴുതടച്ചുള്ള സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ അസൂയാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷാ വിഭാഗങ്ങള്‍. ഇത്തവണ ഒരു പടികൂടെ കടന്ന് ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും അതിനൂതന സാങ്കേതികവിദ്യകളുടെ പരിരക്ഷയാണ് ഒരുക്കുന്നത്.

നിര്‍മിത ബുദ്ധിയും (എഐ), മറ്റ് നൂതന സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയായിരിക്കും ഇത്തവണ സുരക്ഷാ സംവിധാനങ്ങളുടെ കരുത്ത് ഊട്ടിയുറപ്പിക്കുക. ആള്‍ക്കൂട്ട നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്തും. മുഖം തിരിച്ചറിയൽ, ആള്‍ക്കൂട്ടത്തിന്റെ വലുപ്പം അറിയാനുള്ള കഴിവ്, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തിയെടുക്കാനുള്ള ശേഷി തുടങ്ങിയവ അടക്കമുള്ള മികവായിരിക്കും ക്യാമറകള്‍ക്ക് ഉണ്ടാകുക എന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. അളുകള്‍ കടന്നു വരുന്നതും തിരിച്ചു പോകുന്നതും ശ്രദ്ധിക്കുകയും ഈ വിവരങ്ങള്‍ തത്സമയം സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അനുവാദമില്ലാത്തിടത്തേക്ക് കടന്നു കയറാനുള്ള ശ്രമം തുടങ്ങിയവ ഒക്കെ നിരീക്ഷണവിധേയമായിരിക്കും.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ 700 സിസിടിവികള്‍ സ്ഥാപിക്കും. ഇവയില്‍ 150ലേറെ എണ്ണത്തിന് അതിനൂതന വിഡിയോ വിശകലന ശേഷിയും ഉണ്ടായിരിക്കും. ഇവയ്ക്ക് നല്‍കിയിരിക്കുന്ന ലിസ്റ്റ് അനുസരിച്ച് ആളുകളെ തിരിച്ചറിയാനാകും. ആളുകളുടെ എണ്ണമെടുക്കാനും സാധിക്കും. നുഴഞ്ഞുകയറ്റം തിരിച്ചറിയും. ശബ്ദങ്ങളും നിരീക്ഷിക്കും.

നമ്പര്‍ പ്ലേറ്റ് ഡിറ്റെക്ഷന്‍ സിസ്റ്റം നിരന്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഡാറ്റ തത്സമയം വിശകലനവും ചെയ്യും. ഇതെല്ലാം ഉണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനവും ടെക്‌നോളജിയേ ഏല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു സാഹസത്തിനും പൊലിസ് തയാറല്ലതാനും. ചെങ്കോട്ടയിലും മറ്റു നിര്‍ണായക ഇടങ്ങളിലും വിന്യസിക്കുന്നത് 10,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും.