ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം,ആത്മഹത്യയാക്കാന്‍ ശ്രമം നടന്നു

Advertisement

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ആശുപത്രിയിലെ ഏഴ് റസിഡണ്ട് ഡോക്ടർമാരെ പോലീസ് ചോദ്യം ചെയ്തു. ആശുപത്രി സൂപ്രണ്ടിനെയും ചെസ്റ്റ് മെഡിസിൻ വകുപ്പ് മേധാവിയെയും ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. വനിത റസിഡന്റ് ഡോക്ടർ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്ന് കുടുംബത്തെ ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

പോലീസ് അന്വേഷണം ഞായറാഴ്ചയ്ക്കകം പൂർത്തിയായില്ലെങ്കിൽ കേസ് സിബിഐക്ക് വിടുമെന്ന് കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബത്തിന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പ് നൽകിയിരുന്നു. കേസിൽ മുഖ്യപ്രതിയായി കണ്ടെത്തിയ സിവിക്ക് പോലീസ് വളണ്ടിയർ സഞ്ജയ് റോയ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണം എന്നും, കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്, റസിഡൻസ് ഡോക്ടർമാർ പ്രഖ്യാപിച്ച പണിമുടക്ക് രാജ്യവ്യാപകമായി തുടരുകയാണ്.