സ്വാതന്ത്ര്യദിനം: ഡൽഹിയിൽ ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് വിവരം, സുരക്ഷാ സേന അതീവ ജാഗ്രതയിൽ

Advertisement

ന്യൂഡൽഹി: രാജ്യതലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സുരക്ഷാ സേന അതീവ ജാഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടന ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് രഹസ്യവിവരം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത കടുപ്പിച്ചത്. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് സുരക്ഷാ സേനകൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ ഈ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ സാധ്യത കുറവാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാകും ഭീകരർ ആക്രമണത്തിന് പദ്ധതിയിടുകയെന്നാണ് ഇൻ്റലിജൻസ് നിഗമനം.

ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കത്വയോട് അതിർത്തി പങ്കിടുന്ന ഗ്രാമത്തിലൂടെ ആയുധവുമായി രണ്ട് അജ്ഞാതർ കടന്നുപോയ വിവരം ഇൻ്റലിജൻസിന് ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, ജൂൺ ഒന്നിന് സ്ഫോടകവസ്തു ശേഖരം ജമ്മു കശ്മീരിൻ്റെ ഉൾപ്രദേശത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. സുരക്ഷാ സേനയുടെ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ ലക്ഷ്യംവെച്ചാകാം ഇവ എത്തിച്ചതെന്നും ഇൻ്റലിജൻസ് സംശയിക്കുന്നു.

പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ വിഘടനവാദികൾ, ഭീകരർ തുടങ്ങിയവർ പഞ്ചാബ്, ജമ്മു കശ്മീരിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, അമർനാഥ് യാത്ര എന്നിവ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇവർ മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട്. കത്വ, ദോഡ, ഉദ്ദംപുർ, രജൗരി, പൂഞ്ച് ജില്ലകളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾ ഇക്കാര്യം അടിവരയിടുന്നതാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

എന്താണ് ഫിദായീൻ ആക്രമണം?

ഒരുതരത്തിലുള്ള ചാവേ‍ർ ആക്രമണമാണ് ഫിദായീൻ ആക്രമണം. ലക്ഷ്യത്തെ ആക്രമിക്കാനായി ഒരു വ്യക്തി സ്വന്തം ജീവൻ ത്യാഗം ചെയ്യുന്നതാണിത്. അറബിക് വാക്കായ ഫിദായി (ത്യാഗം ചെയ്യുന്നവൻ) യിൽനിന്നാണ് ഫിദായീൻ എന്ന വാക്ക് ഉത്ഭവിച്ചത്. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ വിവിധ ഭീകരസംഘടനകൾ ഫിദായീൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നടത്തിയ, പുൽവാമ ആക്രമണം, ഉറി ആക്രമണം, പാ‍ർലമെൻ്റ് ആക്രമണം എന്നിവ ഒരുതരത്തിലുള്ള ഫിദായീൻ ആക്രമണങ്ങളായിരുന്നു.

ഡൽഹിയിൽ വ്യാഴാഴ്ച രാവിലെ തന്നെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7:30ന് ചെങ്കോട്ടയിൽ പതാക ഉയർത്തും. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്യും. 11-ാം തവണയാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. അതിന് ശേഷം വിവിധ സേനകളുടെ പരേഡ് നടക്കും.