യുവഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവം; ആർജി കർ മെഡിക്കൽ കോളജിന്റെ ചരിത്രം ദുരൂഹം, പല മരണങ്ങളും വീണ്ടും വെളിച്ചത്തേക്ക്

Advertisement

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറായ 31കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കവേ ആശുപത്രിയിൽ മുമ്പ് നടന്ന പല സംശയസ്പദമായ മരണങ്ങളും ചർച്ചയാകുന്നു. പൗലാമി സാഹ എന്ന വിദ്യാർഥിനിയെ 2020ൽ അത്യാഹിത കെട്ടിടത്തിൻ്റെ ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും പറഞ്ഞത്. ഈ സംഭവത്തിൽ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല. 2003-ൽ, എംബിബിഎസ് ഇൻ്റേൺ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാർത്ഥി ആൻ്റീ ഡിപ്രസൻ്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല.

മറ്റൊരു വിദ്യാർത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി. സൗമിത്രയുടെ മരണത്തിൽ അന്നുമുതലേ ആരോപണമുയർന്നിരുന്നു. ഹോസ്റ്റൽ മുറികളിൽ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നും ആരോപണമുയർന്നു. അശ്ലീല വീഡിയോ റാക്കറ്റ് ആശുപത്രിയിലെ മൃതദേഹങ്ങൾ ചൂഷണം ചെയ്തതായും ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഓഗസ്റ്റ് 9 ന് കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 16 ബാഹ്യ, ഒമ്പത് ആന്തരിക പരിക്കുകളും ജനനേന്ദ്രിയത്തിൽ മാരകമായ പരിക്കും കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും വ്യക്തമായിരുന്നു. സ്വകാര്യഭാഗങ്ങൾക്ക് പുറമെ കവിൾ, മൂക്ക്, ചുണ്ടുകൾ, കഴുത്ത്, കൈകാലുകൾ എന്നിവയിലെ ചതവുകളും കഴുത്തിലെ പേശികളിലും തലയോട്ടിയിലും മറ്റ് ഭാഗങ്ങളിലും ആന്തരിക പരിക്കുകളും കണ്ടെത്തി. എല്ലാ പരിക്കുകളും ഇര മരിക്കുന്നതിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.