പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ 3 കോടി രൂപയുടെ വാണിജ്യ സമുച്ചയം ഇടിച്ചുനിരത്തി

Advertisement

അയോധ്യ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരൻ രാജു ഖാനെയും പീഡനക്കേസിൽ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കെട്ടിടം തകർത്തത്.

രണ്ടു മാസം മുൻപ് പന്ത്രണ്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്. മൊയ്ത് ഖാൻ സമാജ്‌വാദി പാർട്ടിക്കാരനാണെന്നും ബിജെപി ആരോപിച്ചു. ഷോപ്പിങ് കോംപ്ലക്സ് അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി, നാല് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണു കെട്ടിടം പൊളിച്ചത്. 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മൂല്യം മൂന്ന് കോടി വരുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടു വർഷം മുൻപ് നിർമിച്ചതാണിത്.

അയോധ്യയിലെ എസ്പി നേതാവും എംപിയുമായ അവ്‌ദേശ് പ്രസാദുമായി മൊയ്ത് ഖാന് അടുപ്പമുണ്ട്. മൂന്നാഴ്ച മുൻപ്, മൊയ്ത് ഖാന്റെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്നു പറഞ്ഞു പൊളിച്ചിരുന്നു. സംസ്ഥാന നിയമസഭയിൽ ഈ പീഡനക്കേസിനെപ്പറ്റി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിച്ചിരുന്നു. പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്തി. 25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെൺകുട്ടി കഴിയുന്നത്.