ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം

Advertisement

ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് യു.പി.എസിന് അംഗീകാരം നല്‍കിയത്.പദ്ധതി 2025 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
2004ലെ നാഷണല്‍ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) പരിഷ്‌കരിക്കണമെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

‘പുതിയ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. 2023ല്‍ പ്രധാനമന്ത്രി നരേന്ദമോദി അന്നത്തെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ടി.വി സോമനാഥന്റെ കീഴില്‍ ഒരുകമ്മിറ്റിയെ നിയോഗിച്ചു. വിപുലമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കമ്മിറ്റി എകീകൃത പെന്‍ഷന്‍ സ്‌കീം ശുപാര്‍ശ ചെയ്യുകയായിരുന്നു’ മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

23 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് എകീകൃത പെന്‍ഷന്‍ പദ്ധതിയുടെ ഗുണം ലഭിക്കാന്‍ പോകുന്നതെന്നും സംസ്ഥാനങ്ങള്‍ കൂടി നടപ്പാക്കിയാല്‍ 90 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്താണ് ഏകീകൃത പെന്‍ഷന്‍ സംവിധാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഏറ്റവും പുതിയ പെന്‍ഷന്‍ പദ്ധതിയാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം( യു.പി.എസ്.). യുപിഎസ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിശ്ചിതമായ സ്ഥിര പെന്‍ഷന്‍ ലഭിക്കും.

25 വര്‍ഷമെങ്കിലും സേവനമനുഷ്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാന 12 മാസം ലഭിച്ച അടിസ്ഥാന ശമ്ബളത്തിന്റെ ശരാശരിയുടെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കും. കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക് ഇതേ മാനദണ്ഡ പ്രകാരം ആനുപാതികമായി കണക്കാക്കും.

കുടുംബ പെന്‍ഷനും പദ്ധതി പ്രകാരം ഉറപ്പാക്കുന്നുണ്ട്. ജീവനക്കാരന്‍ മരിക്കുകയാണെങ്കില്‍ പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും

പത്തുവര്‍ഷം എങ്കിലും സേവനമനുഷ്ടിക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം പരമാധി 10,000 രൂപ പെന്‍ഷനായി ലഭിക്കും

ജീവനക്കാരന്‍ വിരമിക്കുകയാണെങ്കില്‍ ഗ്രാറ്റുവിറ്റിക്ക് പുറമെ ഒരു തുകൂടി ലഭിക്കും. സേവനകാലയളവിലെ അവസാന ആറുമാസം വാങ്ങിയ ശമ്ബളത്തിന്റെ പത്തില്‍ ഒന്ന് എന്നതോതിലായിരിക്കും ഇത് ലഭിക്കുക. ഇത് ഉറപ്പായ പെന്‍ഷനിലെ തുകയില്‍ കുറവ് വരുത്തില്ല.

ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ആര്‍ക്കൊക്കെ ചേരാം

നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ തുടരണമോ അതോ ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരണമോ എന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തീരുമാനിക്കാം. 2004ലെ നാഷണല്‍ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) പ്രകാരം വിരമിച്ചവര്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാം. 2004ന് ശേഷം വിരമിച്ചവര്‍ക്കും 2025 മാര്‍ച്ച് 31നകം വിരമിക്കുന്നവര്‍ക്കും യു.പി.എസില്‍ ചേരാവുന്നതാണ്. ഇവര്‍ക്ക് കുടിശിക നല്‍കും.

നിലവിലെ പെന്‍ഷന്‍ പദ്ധതിയായ എന്‍ പി എസില്‍ ജീവരക്കാരുടെ വിഹിതം 10 ശതമാനമാണ് . 14 ശതമാനമാണ് സര്‍ക്കാര്‍വിഹിതം . യൂണിഫൈഡ് പെന്‍ഷന്‍ സകീമില്‍ സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമായി ഉയരും. അതേസമയം ജീവനക്കാരുടെ വിഹിതം 10 ശതമാനം തന്നെയയായി തുടരുകയും ചെയ്യും.

അതേസമയം യുപിഎസ് പെൻഷൻ പദ്ധതി കോൺഗ്രസിനെ വിമർശിച്ച് ബിജെപി. പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് മറന്നു. ഹിമാചൽ പ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് പാലിക്കുന്നില്ല. യുപിഎസ് പെൻഷൻ പദ്ധതിയിൽകോൺഗ്രസിന്റെ വിമർശനം ആത്മാർത്ഥമല്ല എന്നതിന്റെ തെളിവാണ് ഇത് എന്ന് ബിജെപി ആരോപിച്ചു.

Advertisement