ടെലിഗ്രാം നിരോധിക്കുമോ….? സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

Advertisement

രാജ്യത്തെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്.
വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ടെലിഗ്രാമിനെക്കുറിച്ച് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം പാരിസില്‍ ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും ടെലിഗ്രാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പണം അപഹരിക്കല്‍, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കാലങ്ങളില്‍ ടെലിഗ്രാം വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെ നടന്ന യുജിസി-നീറ്റ് വിവാദത്തില്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതും പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. ഈ വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി നടപടികളും ടെലിഗ്രാം സ്വീകരിച്ചിട്ടുണ്ട്.

Advertisement