പാറ്റ്ന: തികച്ചും അസാധാരണമായ ഒരു സംഭവമാണ് ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് കഴിഞ്ഞദിവസം നടന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധർമവീറിന് പാമ്പുകടിയേറ്റത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കടിച്ചത് പാമ്പാണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ അദ്ദേഹത്തെ പ്രാദേശിക വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇതോടെ ധർമവീറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. വൈകാതെ തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
എന്നാൽ കടിച്ച പാമ്പ് ധർമവീറിന്റെ വസ്ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വിഷ വൈദ്യനടുത്തേക്കും പിന്നീട് ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്കിടയിൽ ഒരുതവണ പോലും അത് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല. ഇതുമൂലം ഒപ്പം ഉണ്ടായിരുന്നവരും പാമ്പിനെ കാണാതെ പോയി. തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി.
തീ ആളി പടർന്നതോടെയാണ് ധർമവീറിന്റെ വസ്ത്രത്തിനുള്ളിൽ മറഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടൻതന്നെ പരിസരത്തുണ്ടായവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. 16 മണിക്കൂറിലധികം മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ പാമ്പ് ഒളിച്ചിരുന്നുവെന്നത് ഏവരെയും ഞെട്ടിച്ചു. ചികിത്സ തേടിയ സമയത്തൊക്കെയും ധാരാളം ആളുകൾ ഒപ്പം ഉണ്ടായിരുന്നിട്ടും പാമ്പിനെ കാണാതെപോയത് എങ്ങനെ എന്നത് അമ്പരപ്പിക്കുകയാണ്.
റസൽ വൈപ്പർ എന്ന പേരിൽ അറിയപ്പെടുന്ന അണലി വർഗത്തിൽപ്പെട്ട പാമ്പാണ് ധർമവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണ് ഇവ. മനുഷ്യവാസ മേഖലയിൽ ഇവയെ കണ്ടെത്തുന്നത് സാധാരണമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾ ഉണ്ടാവുന്നത് ഇവ മൂലമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.