ന്യൂഡെല്‍ഹി. ഹരിയാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള കൊലപാതകം. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു എന്ന് പ്രതിപക്ഷം. അന്വേഷണ നടപടികൾ ദ്രുതഗതിയിലാക്കി നയാബ് സിംഗ് സൈനി സർക്കാർ.കേസിൽ ഇതുവരെ ഏഴുപേരേ അറസ്റ്റ് ചെയ്തു.ഹരിയാനയ്ക്ക് പിന്നാലെ ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ വയോധികന് മർദ്ദനം.
ബീഫ് കഴിച്ചു എന്നും കൈവശം വച്ചു എന്നും ആരോപിച്ചുള്ള കൊലപാതകങ്ങൾ ഹരിയാനയിൽ തുടർക്കഥയാണ്.എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഹരിയാനയിൽ ബിജെപിയെ പ്രതികൂട്ടിലാക്കി.
പശു സംരക്ഷകർ നടത്തിയ കൊലപാതകം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ വേട്ട എന്നാണ് പ്രതിപക്ഷ ആരോപണം.ഇതോടെ മുൻകാല സംഭവങ്ങളിൽ കാണാത്തതിനേക്കാൾ വേഗത്തിൽ ഹരിയാന സർക്കാർ കേസ് നടപടികൾ വേഗത്തിലാക്കി. നാല് ദിവസത്തിനുള്ളിൽ കൊലപാതകത്തിന് പിന്നിലെ 7 പ്രതികളെ പിടികൂടി എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളിൽ നിന്ന് കൂടുതൽ പേരുകൾ ലഭിച്ചാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പോലീസിന്റെ വിശദീകരണം.
ഈ മാസം 27നാണ് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ ബംഗാളിൽ നിന്നും തൊഴിലിന്റെ ഭാഗമായി എത്തിയ സാബിർ മാലികിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശു സംരക്ഷകർ അതിക്രൂരമായി മർദ്ദിച്ച കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ചാണ് ട്രെയിൻ യാത്രക്കാരനായ വയോധികന് നേരെയുള്ള മർദനം.സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വയോധികന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്