അസ്ന ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; തെലങ്കാനയ്ക്ക് മുകളിൽ തീവ്ര ന്യൂനമർദം

Advertisement

ഹൈദരാബാദ്: അറബിക്കടലിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്ന അസ്ന ചുഴലിക്കാറ്റ് തീവ്രന്യൂനമർദമായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, വിദർഭയ്ക്കും തെലുങ്കാനയ്ക്കും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ചൊവ്വാഴ്ച്ചയോടെ ന്യൂനമർദമായി ശക്തി കുറയുമെന്ന് കരുതുന്നു.

ഗുജറാത്തിനു പിന്നാലെ തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്നത്. തെലങ്കാനയിൽ 13,000 ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നാഷനൽ ഹൈവേ വെള്ളത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകൾ നിർത്തലാക്കി. തുടർന്ന് വിജയവാഡ റെയിൽവേ സ്റ്റേഷനിലും മറ്റുമായി നിരവധി യാത്രക്കാർ കുടുങ്ങി. 110 സ്പീഡ് ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

വിഞ്ചിപേട്ട്, ആർആർ പേട്ട്, ഭവാനിപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ വീടിന്റെ മുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടുമിക്ക നദികളും നിറഞ്ഞൊഴുകുകയാണ്.

കേരളത്തിൽ എല്ലാ ജില്ലകളിലും തിങ്കളാഴ്ച ഇടവേളകളോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.