അമിതവേഗത്തിലെത്തിയ ട്രക്ക് കാറിൽ ഇടിച്ചു കയറി; യുഎസിൽ 4 ഇന്ത്യക്കാർ മരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Advertisement

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം നാല് ഇന്ത്യക്കാർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരണപ്പെട്ടത്. ദല്ലാസിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറുഖും. ഭാര്യയെ കാണാനായുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി യാത്രതിരിച്ചതായിരുന്നു വിദ്യാർഥിയായ ദർശിനി വാസുദേവൻ. ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്. ‘കാർ പൂളിങ് ആപ്പ്’ വഴി ഒരുമിച്ചാണ് ഇവർ യാത്ര ചെയ്തത്.

അമിതവേഗത്തിൽ വന്ന ട്രക്കാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചത്. ആകെ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. വിരലടയാളം, പല്ലുകളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ചാണ് മരണപ്പെട്ടവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദർശിനി വാസുദേവന്റെ മാതാപിതാക്കൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യർഥിച്ചു.

Advertisement