ഇന്‍ഡോര്‍: സ്ത്രീയെ നഗ്നം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
സ്ത്രീയുടെ പരാതിയില്‍ 19 ദിവസത്തിന് ശേഷമാണ് കേസെടുത്തത്. പരാതിയില്‍ പൊലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ പരാതി പരിഹരിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിനയ് വിശ്വകര്‍മ്മ അറിയിച്ചു.
ജൂണ്‍ 11നാണ് തന്നെ ബലമായി ഒരു ഗോഡൗണിലേക്ക് കൊണ്ടുപോയതെന്ന് ഇവരുടെ പരായില്‍ പറയുന്നു. അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കുകയും ചെയ്തു. ടിവിയില്‍ ഇത്തരം വീഡിയോകള്‍ കണ്ടശേഷമായിരുന്നു ഇത്. ബെല്‍റ്റ് കൊണ്ട് തന്നെ മര്‍ദ്ദിക്കുകയും അരമണിക്കൂറോളം നഗ്നയായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഭരണകക്ഷിയായ ബിജെപിയുടെ ഇടപെടല്‍ മൂലമാണ് കേസില്‍ നടപടിക്ക് കാലതാമസം നേരിട്ടതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നീലാഭ് ശുക്ല ആരോപിച്ചു. പ്രതികളിലൊരാള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികള്‍ ആരായാലും ഇരയ്ക്ക് നീതി കിട്ടുമെന്ന് ബിജെപി വക്താവ് നരേന്ദ്ര സലൂജ വ്യക്തമാക്കി. സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പരാതിയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.