ബെംഗ്ലൂരൂ:
രേണുക സ്വാമി കൊലക്കേസിൽ നടൻ ദർശൻ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിജയനഗർ സബ് ഡിവിഷൻ എസിപി ചന്ദൻകുമാർ ആണ് ബംഗളൂരു 24ാം അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചത്
3991 പേജുള്ള കുറ്റപത്രത്തിൽ 231 സാക്ഷികളുണ്ട്. ഇതിൽ മൂന്ന് പേർ ദൃക്‌സാക്ഷികളാണ്. ഇതിന് പുറമെ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കി. എട്ട് ഫോറൻസിക് റിപ്പോർട്ടുകളും അന്വേഷണ സംഘം സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്
ജൂൺ എട്ടിനാണ് ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമി അതിക്രൂരമായി മർദിച്ച് കൊന്നത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് രേണുകസ്വാമി ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിന് കാരണം. കൊലയാളി സംഘം രേണുകസ്വാമി ചിത്രദുർഗയിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും ബംഗളൂരു പട്ടണഗരെയിൽ എത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു
ജൂൺ 9നാണ് രേണുക സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശരീരമാസകലം മുറിവുണ്ടായിരുന്നു. ഒരു ചെവി കാണാനില്ല. ക്രൂര മർദനത്തിൽ ജനനേന്ദ്രിയം തകർത്തതായും പോലീസ് പറയുന്നു.