2,000 രൂപയ്ക്ക് താഴെയുള്ള ഓൺലൈൻ ഇടപാടുകൾ: 18% ജിഎസ്ടി ഉടനില്ല; ഹെലികോപ്റ്റർ യാത്രയ്ക്ക് നികുതി കുറച്ചു

Advertisement

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചകൾ. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിലുള്ള 18% ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കുക, ഓൺലൈൻ ഗെയിമുകൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്തുക, ജിഎസ്ടി സ്ലാബുകൾ പുന%ക്രമീകരിക്കുക തുടങ്ങിയ നിർണായക വിഷയങ്ങളാണ് യോഗം ചർച്ച ചെയ്യുന്നത്.

2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിർദേശം തൽകാലം നടപ്പാകില്ല. ഇക്കാര്യം പരിശോധിക്കാൻ ഫിറ്റ്മെന്റ് കമ്മിറ്റിക്ക് കൈമാറിയെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗർവാൾ പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർ‌ട്ട് സമർപ്പിക്കുന്ന കമ്മിറ്റിയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ തീരുമാനങ്ങൾ. 2,000 രൂപയ്ക്ക് താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ജിഎസ്ടി കൗൺസിൽ പരിഗണിക്കും.

ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജിഎസ്ടി ഈടാക്കും.

സർവകലാശാലകൾക്ക് ഗവേഷണ-വികസന (ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ ലഭിക്കുന്ന ഗ്രാന്റിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും. അടുത്തിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) 7 സർവകലാശാലകൾക്ക് 220 കോടി രൂപയുടെ ഗ്രാന്റ് സംബന്ധിച്ച ജിഎസ്ടിക്ക് നോട്ടിസ് അയച്ചിരുന്നു. കാറുകളുടെ സീറ്റിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയേക്കും. ടൂവീലർ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല.

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ 18% ജിഎസ്ടിയുണ്ട്. ഇത് 5 ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നികുതിഭാരം കുറച്ചാൽ ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ വഴിയൊരുങ്ങുമെന്നാണ് വാദങ്ങൾ. 18% ജിഎസ്ടി വഴി കഴിഞ്ഞവർഷം (2023-24) കേന്ദ്രം 8,262.94 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

ഓൺലൈൻ ഗെയിമിന് 28%?
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്തണമെന്ന നിർദേശം 2023 ഒക്ടോബർ മുതൽ ജിഎസ്ടി കൗൺസിലിന്റെ മുമ്പിലുണ്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഈ മേഖലയിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് കൗൺസിൽ വിലയിരുത്തും. ഡ്രീം11, നസാറ, ഡെൽറ്റ തുടങ്ങിയ ഗെയിമിങ്, കാസിനോ കമ്പനികൾക്ക് തിരിച്ചടിയാകുന്നതാകും നികുതി നിർദേശം. നേരത്തേ ഈ രംഗത്തെ കമ്പനികൾക്ക് മൊത്തം 1.51 ലക്ഷം കോടി രൂപയുടെ നികുതി കുടിശികയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ഇത് ഇനി ഈടാക്കണമോ എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തോയെന്ന് വ്യക്തമല്ല.