ന്യൂ ഡെൽഹി :
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവി പി.ടി ഉഷക്കെതിരെ വിമർശനവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിൽ ഉഷ രാഷ്ട്രീയം കളിച്ചുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ ആശുപത്രിയിലായിരിക്കുമ്പോൾ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇത് ആത്മാർഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമർശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമർശിച്ചു. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമണ് പി.ടി ഉഷ വന്നത്. അവർ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചില്ല. ആ ഫോട്ടോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു ഷോ മാത്രമായിരുന്നു അത്. അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു’ വിനേഷ് പറഞ്ഞു. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമർശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഡമ്മി സ്ഥാനാർഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.