ഹരിയാന:
നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെയും ഹരിയാന ബിജെപിയിൽ പൊട്ടിത്തെറികൾ തുടരുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് യാദവ് ബിജെപി വിട്ടു. പാർട്ടിയോട് കൂറ് പുലർത്തിയ താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിക്കുകയാണെന്ന് സന്തോഷ് കുറ്റപ്പെടുത്തി.
നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായിരുന്ന യാദവ് അറ്റെലി മണ്ഡലമായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിന്റെ മകൾ ആരതി സിംഗ് റാവുവിനാണ് ബിജെപി ഇക്കുറി ടിക്കറ്റ് നൽകിയത്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി സംസ്ഥാന ബിജെപി അധ്യക്ഷന് അയച്ച കത്തിൽ യാദവ് പറഞ്ഞു.
പാർട്ടിക്കുവേണ്ടിയോ തങ്ങളുടെ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടിയോ പ്രവർത്തിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയും അതൃപ്തിയും പടർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.