വില നാലരക്കോടി, ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി, എ1, ബി1, ബി3 കോച്ചുകളിൽ നിന്നായി കണ്ടെത്തിയത് 8.884 കിലോ

Advertisement

അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് ആര്‍പിഎഫ്. നാലരക്കോടി വിലമതിക്കുന്ന സ്വർണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നാണ്. നാലു പേർ പിടിയിലായി. അംബാല കാന്‍റ് സ്റ്റേഷനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ചൊവ്വാഴ്ച അമൃത്സർ ഹൗറ ട്രെയിനിലെ (ട്രെയിൻ നമ്പർ 13006) എ1, ബി1, ബി3 കോച്ചുകളിലെ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 8.884 കിലോഗ്രാം സ്വർണാഭരണങ്ങളും 5.418 കിലോഗ്രാം സ്വർണം പൂശിയ ആഭരണങ്ങളുമാണ് കണ്ടെടുത്തത്. വിപണി മൂല്യമനുസരിച്ച് അവയുടെ ആകെ മൂല്യം 4.5 കോടി രൂപയാണെന്ന് ആർപിഎഫ് അറിയിച്ചു.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. സ്റ്റേഷനുകളിൽ പ്രത്യേക പട്രോളിംഗും ട്രെയിനുകൾക്കുള്ളിൽ പരിശോധനയും നടത്തുന്നുണ്ടെന്ന് ആർപിഎഫ് അംബാല കാന്‍റിന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ ജാവേദ് ഖാൻ പറഞ്ഞു.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു. കഴിഞ്ഞയാഴ്ച, സമാനമായ പരിശോധനക്കിടെ യാത്രക്കാരനിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും മറ്റൊരാളിൽ നിന്ന് 5 ലക്ഷം രൂപയും ആർപിഎഫ് പിടിച്ചെടുത്തിരുന്നു.