തലയില്ല, യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ദേശീയപാതയില്‍; ദുരൂഹത

Advertisement

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്‌നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹൈവേയില്‍ മൃതദേഹം തള്ളിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു.
ഗുജൈനിയില്‍ ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.യുവതിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മൂന്ന് സംഘം രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സിസിടിവി കാമറയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ഹൈവേയുടെ മറുവശത്തുള്ള ആശുപത്രിയിലെ സിസിടിവി കാമറകളില്‍ മൃതദേഹം കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സമാനമായ ഒരു സ്ത്രീ നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവതി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദേശീയപാതയില്‍ കണ്ടെത്തിയ തുണിക്കഷണങ്ങളുമായും ചെരിപ്പുമായും പൊരുത്തപ്പെടുന്നതാണെന്നും പൊലീസ് പറഞ്ഞു.

മരണ കാരണം തിരിച്ചറിയാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതൊരു അപകടമാണോ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കുകയാണെന്നും യുവതി പ്രദേശവാസിയാണോ അതോ മറ്റെവിടെയെങ്കിലും നിന്ന് വന്നതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.