അന്ന് യെച്ചൂരിക്കുവേണ്ടി വൈകാരികമായി അംഗങ്ങള്‍ ശബ്ദമുയര്‍ത്തി; ‘ഒരവസരം കൂടി അദ്ദേഹത്തിന് നല്‍കണം’

Advertisement

ന്യൂഡൽഹി: അദ്ദേഹം എന്നും എന്നോടൊപ്പമാണ് ഈ സഭയില്‍ വന്നിരിക്കാറുള്ളത്. നാളെമുതല്‍ അദ്ദേഹം ഇവിടെ ഉണ്ടാകില്ല. യെച്ചൂരിജീ, ഞാൻ നിങ്ങളെ എന്നും ഓർക്കും.

എല്ലായ്പ്പോഴും അദ്ദേഹമാണ് സഭയില്‍ ആദ്യമെത്തുന്ന ആള്‍’ അങ്ങനെ പറഞ്ഞുവരുന്നതിനിടെ രാജ്യസഭയില്‍ സമാജ് വാദി പാർട്ടി നേതാവ് രാംഗോപാല്‍ യാദവിന് കണ്ഠമിടറി. വികാരാധീനനായ യാദവിനെ തൊട്ടടുത്തിരുന്ന യെച്ചൂരിതന്നെ ആശ്വസിപ്പിക്കാനെത്തി. ഒപ്പം അന്ന് പാർലമെന്ററി കാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും യാദവിനെ ആശ്വസിപ്പിക്കാനായി വന്നു. അത്തരത്തിലുള്ള വൈകാരിക നിമിഷങ്ങളെ സാക്ഷിയാക്കിയാണ് 2017 ഓഗസ്റ്റ് 11-ന് സീതാറാം ചെയ്യൂരി രാജ്യസഭയുടെ പടിയിറങ്ങിയത്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ സഭാംഗം എന്ന നിലയില്‍ യെച്ചൂരിയുടെ സേവനങ്ങളെയും അദ്ദേഹത്തിന്റെ മികവിനെയും പ്രകീർത്തിച്ചു.

യെച്ചൂരിക്ക് ഒരവസരംകൂടി നല്‍കാത്ത സിപിഎം നിലപാടിനെ രാജ്യസഭാ അംഗങ്ങള്‍ വിമർശിക്കുകയും ചെയ്തു. യെച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ഭരണഘടനപ്രകാരം അതു പറ്റില്ലെന്നാണ് പറയുന്നത്. ഇന്ത്യൻ ഭരണഘടനതന്നെ എത്രയോതവണ ഭേദഗതിചെയ്തു. പാർട്ടി ഭരണഘടന എന്തുകൊണ്ട് ഭേദഗതിചെയ്യുകൂടായെന്നും യെച്ചൂരിക്ക് നല്‍കിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംഗോപാല്‍ യാദവ് ചോദിച്ചു.

ചരിത്രപരമായ വിഡ്ഡിത്തം സിപിഎം ആവർത്തിക്കുന്നുവെന്നായിരുന്നു അകാലിദള്‍ അംഗം നരേഷ് ഗുജ്റാളിന്റെ പരാമർശം. യെച്ചൂരിയുടെ പങ്കാളിത്തം ചർച്ചകളുടെ നിലവരാമുയർത്തിയെന്നാണ് അന്ന് മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്.

പാർലമെന്ററി രംഗത്ത് യെച്ചൂരി വഹിച്ചിരുന്ന പങ്ക് എത്രമാത്രമായിരുന്നുവെന്ന് അടയാളപ്പെടുത്താൻ രാജ്യസഭ യെച്ചൂരിക്ക് നല്‍കിയ യാത്രയയപ്പ് മാത്രം പരിശോധിച്ചാല്‍ മതിയാകും. രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് യെച്ചൂരി യാത്രയയപ്പിന് മറുപടി നല്‍കിയത്. വൈവിധ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജനങ്ങളുടെ ബന്ധവും ഐക്യവും ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യം ശക്തിപ്പെടുകയുള്ളൂ. നിർണായക രാഷ്ട്രീയസാഹചര്യത്തിലാണ് താൻ പാർലമെന്റിലേക്ക് വന്നത്. സാഹചര്യത്തിന്റെ സമ്മർദത്താല്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിശ്വാസം. പലതും മനസ്സിലാക്കാനുള്ള അവസരംകൂടിയായി പാർലമെന്റിലെ പ്രവർത്തനം. ജനവികാരം പ്രകടിപ്പിക്കാനുള്ള വേദി എന്നതിനൊപ്പം ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുള്ള സംവിധാനവുമാണ് പാർലമെന്റെന്നും യെച്ചൂരി രാജ്യസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.

പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം മൂന്നാംതവണ രാജ്യസഭയിലേക്കുള്ള വാതില്‍ യെച്ചൂരിക്ക് മുന്നില്‍ കൊട്ടിയടച്ചത്. സി.പി.എമ്മിലെ ഉള്‍പ്പാർട്ടി ദുർവാശിയുടെ ഫലമായി കാരാട്ടും കേരള ഘടകവും ചേരുന്ന അച്ചുതണ്ട് യെച്ചൂരിയെ ഒരിക്കല്‍ കൂടി പാർലമെന്റിലേക്ക് വിടേണ്ടതില്ലെന്ന് തീരുമാനിച്ചു.

ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കണമെന്ന് പലവട്ടം പറഞ്ഞപ്പോള്‍ പി.ബിയില്‍ കാരാട്ടും കേരള ഘടകവും ചേർന്ന് ആ സമ്മർദ്ദത്തെ വെട്ടിനിരത്തുകയായിരുന്നു. യെച്ചൂരി താൻ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. ഒറ്റയ്ക്ക് നിന്നാല്‍ രാജ്യസഭയിലേക്ക് ജയിപ്പിക്കാനുള്ള അംഗബലമില്ല എന്നിരിക്കെ യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്ന കോണ്‍ഗ്രസ് വാഗ്ദാനം സിപിഎം തള്ളുകയാണുണ്ടായത്.

Advertisement