ന്യൂഡല്‍ഹി: വന്ദേ ഭാരത് മെട്രോ സര്‍വ്വീസ് സെപ്തംബർ 16ന് തുടങ്ങുമെന്ന് അനൗദ്യോഗികമായ വിവരം. നിരവധി മാധ്യമങ്ങൾ ഈ തീയതി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതെസമയം ആദ്യ വന്ദേ ഭാരത് മെട്രോയുടെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.
ഗുജാറാത്തിലെ ഭുജ് – അഹ്മദാബാദ് റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് മെട്രോ ഓടുക. ആഴ്ചയിൽ ആറു ദിവസം മെട്രോ സർവ്വീസ് ഉണ്ടായിരിക്കും. രാവിലെ 5.05ന് ഭുജ് സ്റ്റേഷനിൽ നിന്ന് മെട്രോ യാത്ര തുടങ്ങും. അഹ്മദാബാദിൽ 10.50ന് എത്തിച്ചേരും. പിന്നീട് വൈകീട്ട് 5.30ന് തിരിച്ചുള്ള യാത്ര തുടങ്ങും. ഈ യാത്ര ഭുജ് സ്റ്റേഷനിൽ 11.10ന് എത്തിച്ചേരും. അഞ്ച് മണിക്കൂർ 45 മിനിറ്റ് നേരമാണ് 360 കിലോമീറ്റർ യാത്രയ്ക്ക് എടുക്കുക. ഒമ്പത് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. കച്ച് ജില്ലയിലെ അഞ്ജർ, ഗാന്ധിധാം, ബചൗ, സമഖിയാലി, മോർബി ജില്ലയിലെ ഹൽവാദ്, സുരേന്ദ്രനഗർ ജില്ലയിലെ ധ്രംഗധ്ര, അഹമ്മദാബാദ് റൂറലിലെ വിരംഗാം, അഹമ്മദാബാദ് നഗരത്തിലെ ചന്ദ്ലോഡിയ, സബർമതി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പിന്നിട്ട് അഹമ്മദാബാദിലെ കലുപ്പൂരിലെ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
വന്ദേ മെട്രോ ട്രെയിനിലെ ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയായിരിക്കും. ഭുജിൽ നിന്ന് ഏറ്റവുമടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കാണിത്. അതെസമയം ഭുജ് മുതൽ അഹ്മദാബാദ് വരെയുള്ള യാത്രയ്ക്ക് 430 രൂപ ചെലവ് വരും. ആഴ്ച, മാസം, അർധമാസം എന്നിങ്ങനെയുള്ള കണക്കിൽ സീസൺ ടിക്കറ്റ് വാങ്ങാനും സാധിക്കും.
അതെസമയം കേരളത്തിലേക്ക് വന്ദേ ഭാരത് മെട്രോ വരുന്നത് സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെ വന്നിട്ടില്ല. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോ കോച്ചുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞമാസം തമിഴ്നാട്ടിൽ തന്നെയായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ വന്ദേ മെട്രോ ഓടിക്കാനാകും.
12 കോച്ചുകളാണ് വന്ദേ ഭാരത് മെട്രോയിൽ ഉണ്ടായിരിക്കുക. ഒരു കോച്ചിൽ 200 പേർക്ക് ഇരിക്കാനാകും. 200 പേർക്ക് നിൽക്കാനും കഴിയും. കവച് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട് മെട്രോയിൽ. സിസിടിവി ക്യാമറകളും, ഏസിയും, സ്ലൈഡിങ് ഡോറുകളും തുടങ്ങി സാധാരണ സബർബൻ ട്രെയിനുകളിൽ കാണാത്ത സംവിധാനങ്ങളോടെയാണ് വന്ദേ മെട്രോ വരുന്നത്.