കോമ്രേഡ് യെച്ചൂരിക്ക് അന്തിമാഭിവാദനം അർപ്പിക്കാൻ ആയിരങ്ങൾ

Advertisement

ന്യൂ ഡെൽഹി : സമത്വമെന്ന ആശയം ജീവിതത്തിൽ പ്രതിഫലിപ്പിച്ച പ്രതിഭാശാലിയായ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യ തലസ്ഥാനം വികാരനിർഭരമായ യാത്രയയപ്പ് നൽകുന്നു. യെച്ചൂരിയുടെ വസതിയിൽ നിന്ന് രാവിലെ 10.15 ഓടെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുവന്ന ഭൗതീക ശരീരത്തിൽ പ്രകാശ് കാരാട്ടിൻ്റെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പാർട്ടി പതാക പുതപ്പിച്ചു .തുടർന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിമാർ, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ചുവപ്പ് വാളൻറിയർമാർ ലാൽസലാം വിളികൾ ഉയർത്തവേ ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ പ്രീയ സഖാവിനെഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തി കൊണ്ടിരിക്കുന്നു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റേയും കേരളത്തിലെ പാർട്ടി നേതാക്കൾ അന്തിമാഭിവാദനം അർപ്പിച്ചു. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ആദരാജ്ഞലികൾ അർപ്പിച്ചു.
എകെജി സെന്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകുന്നേരം അഞ്ച് മണിയോടെ മൃതശരീരം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും

ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരി അന്തരിച്ചത്. ജെഎൻയുവിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം പാർട്ടിയിൽ ആകൃഷ്ടനാകുന്നത്. 1974ൽ എസ്എഫ്‌ഐയിൽ അംഗമായി. അടിയന്തരാവസ്ഥകാലത്ത് 1975ൽ അദ്ദേഹം അറസ്റ്റിലായി

1986ൽ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984ൽ 32ാം വയസിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായത്. 1992ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2015 മുതൽ തുടർന്നുള്ള മൂന്ന് പാർട്ടി കോൺഗ്രസുകളിലായി സിപിഎം ജനറൽ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.