കൊൽക്കൊത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിൽ ആർ ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ,കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്ച്ചഒ) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സി ബി ഐ കസ്റ്റഡി അപേക്ഷ നൽകാനും സാധ്യതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കൊളേജിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മെഡിക്കൽ കോളേജിലെ ഉന്നതർ മുതൽ താഴെ തട്ടിലുള്ളവർവരെ കണ്ണികളാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെതിരെ പല കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ഉന്നതസ്വാധീനംമൂലം എല്ലാം മുക്കിയിരുന്നതായും ആരോപണമുയർന്നിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ഒരു തവണ ഇയാളെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്‌ജയ് റോയ് ഈ ചങ്ങലയിലെ പ്രധാന കണ്ണികളിൽ ഒരാളാണ്. പൊലീസിലെ സിവിൽ വളന്റിയർ ആയ സഞ്‌ജയ് റോയ് തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. മുമ്പ് നാല് കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾക്ക് കോളേജ് അധികൃതരുമായും അടുത്ത ബന്ധമുണ്ട്. നാലു വർഷമായി ഇവിടെയുള്ള ഇയാൾക്ക് സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെങ്കിലും മറ്റ് വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലും ഇടപെടാറുണ്ടായിരുന്നു.
Home News Breaking News വനിതാ ഡോക്ടറുടെ കൊലപാതകം: അറസ്റ്റിലായ ആർ ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിലിനെ ഇന്ന്...