അമരാവതി: അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയിൽ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ആന്ധ്രപ്രദേശ് സർക്കാർ. ഡിജിപി പി.എസ്.ആർ.ആഞ്ജനേയുലു, ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാൽ ഗുന്നി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
മുംബൈ സ്വദേശിയായ നടി കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. വൈസ്ആർ കോൺഗ്രസ് നേതാവായ ഒരു സിനിമാ നിർമാതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചെന്നാണ് കാദംബരിയുടെ പരാതി. ഈ വർഷം ഫെബ്രുവരിയിലാണ് നടിയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തത്. ഈ സമയം ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസായിരുന്നു ആന്ധ്രയിൽ അധികാരത്തിൽ.
അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിർമാതാവിന്റെ പരാതി. എന്നാൽ ഇയാൾക്കെതിരെ മുംബൈയിൽ താൻ നൽകിയ മറ്റൊരു പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ പരാതി പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. ഫെബ്രുവരി രണ്ടിനാണ് കാദംബരി ജെത്വാനിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ജനുവരി 31നു തന്നെ നടിയെ അറസ്റ്റ് ചെയ്യാൻ അന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന പി.എസ്.ആർ ആഞ്ജനേയുലു, കാന്തി റാണ ടാറ്റയ്ക്കും വിശാൽ ഗുന്നിക്കും നിർദേശം നൽകുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരവും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തുവെന്നും മതിയായ പരിശോധനകളില്ലാതെ അന്വേഷണം വേഗത്തിലാക്കാൻ ശ്രമിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
അന്നു വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റ, മേലുദ്യോഗസ്ഥന്റെ വാക്കാൽ നിർദേശപ്രകാരം കൃത്യമായ അന്വേഷണമില്ലാതെ നടപടികൾ സ്വീകരിച്ചെന്നും കൃത്യമായ രേഖകളില്ലാതെ നടിയെ അറസ്റ്റ് ചെയ്യാൻ പോകുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുംബൈയിലേക്ക് വിമാനം ബുക്ക് ചെയ്തെന്നും ഉത്തരവിൽ പറയുന്നു. നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് നൽകിയ പരാതി വിശദമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്ന കുറ്റമാണ് വിശാൽ ഗുന്നിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യമായ രേഖാമൂലമുള്ള ഉത്തരവില്ലാതെ അറസ്റ്റിനായി ഫെബ്രുവരി രണ്ടിന് മുംബൈയിലേക്ക് പോയ അദ്ദേഹം മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നു. വിശദീകരണം നൽകാൻ മതിയായ അവസരം നൽകാതെ എഫ്ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടിയെ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് നടി കാദംബരി ജെത്വാനി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവിനും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തു. മലയാളച്ചിത്രത്തിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള നടിയാണ് ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി. 2012ൽ സദ്ദ അദ്ദ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഒയിജ (കന്നഡ), ആതാ (തെലുങ്ക്), ഐ ലവ് മി (മലയാളം), ഓ യാരാ ഐൻവായി ഐൻവായി ലുട്ട് ഗയാ (പഞ്ചാബി) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.