അതീഷി മെർലെന;രാജ്യ തലസ്ഥാനത്തിൻ്റെ ‘തെലൈവി’യാകുന്ന മൂന്നാം വനിത

Advertisement

ന്യൂ ഡെൽഹി: സുഷമാ സ്വരാജിനും, ഷീലാ ദീക്ഷിദിനും ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതീഷി മെർലെന.
ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങിൻ്റെയും ത്രിപ്ത വാഹിയുടെയും മകളാണ് അതീഷി മാർലേന.
ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ മാതാപിതാക്കൾ. മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവര്‍ മകളുടെ പേരിനൊപ്പം മാര്‍ലേന എന്നുകൂടി ചേര്‍ത്തത്.

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്ഡെയ്ല്‍ സ്കൂളില്‍നിന്നാണ്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശയിൽ നിന്ന് 2003-ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം നേടി. ഓക്സഫഡിലും തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷം സുഖവും സൗകര്യവും ആഡംബരവും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് അതിഷി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി.
മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായി തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി ഡല്‍ഹിയില്‍ എത്തിയത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായിട്ടായിരുന്നു. നിര്‍ഭയ സംഭവത്തില്‍ ഉള്‍പ്പെടെ അധികാര ശക്തികള്‍ക്കെതിരെ രൂക്ഷമായ പൗരത്വ പ്രക്ഷോഭത്തിലെ അംഗമായി. 2013 ൽ
ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായി. രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലായിരുന്നു അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍. എഎപി വക്താവായും ഉപദേശകയായുമെല്ലാം പ്രവര്‍ത്തിച്ചു.
ഇന്ന് ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജ്രറിവാൾ രാജിവെയ്ക്കുമ്പോൾ അതീഷിയെ പകരക്കാരിയാക്കാൻ തീരുമാനമുണ്ടായത്.