ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; തുമ്പികൈ ഉയർത്തി സഹായമഭ്യർഥന, കരളലിയിക്കും അന്ത്യനിമിഷം

Advertisement

തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലെ പ്രമുഖ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയ്ക്കിടെ ചെരിയുകയും ചെയ്തത്. കുടുംബത്തിലെ ഒരംഗമായി കരുതിയിരുന്ന 54 വയസുള്ള സുബ്ബുലക്ഷ്മിയുടെ വിയോഗം കാരൈക്കുടിക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മമാർ സുബ്ബുലക്ഷ്മിയുടെ അന്ത്യയാത്രയിൽ പങ്കാളികളായത്.

1971ലാണ് സുബ്ബുലക്ഷ്മി ക്ഷേത്രത്തിലെത്തുന്നത്. അന്നുമുതൽ കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവളായി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ സുബ്ബുലക്ഷ്മിയുടെ ആശിർവാദം വാങ്ങാതെ അവിടെനിന്നും പോകാറില്ല. ആനയ്ക്കു സമ്മാനമായി പഴവും നാളികേരവും മറ്റുമായി കുഞ്ഞുങ്ങളടക്കം ഭയമില്ലാതെ അടുത്തെത്തുമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയാണ് സുബ്ബുലക്ഷ്മി പെരുമാറിയത്.

ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. വെള്ളിയാഴ്ച ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി. ഈ സമയം ഷെഡിനകത്ത് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീപടർന്നിരുന്നു. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു.

ബഹളം കേട്ട് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾ ഉടൻതന്നെ വനംവകുപ്പിനെയും മൃഗാശുപത്രിയേയും അറിയിച്ചു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. വേദനയിൽ തുമ്പിക്കൈ ഉയർത്തിക്കൊണ്ട് നിലത്തുവീഴുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കരളലിയിക്കുന്ന കാഴ്ച കണ്ട് വിതുമ്പി നിൽക്കാനേ ക്ഷേത്രഭാരവാഹികൾക്ക് സാധിച്ചുള്ളൂ.

ഷോർട്ട്സർക്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കാരൈക്കുടി പൊലീസ് പറയുന്നത്. ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മന്ത്രിമാരായ കെ.ആർ. പെരിയകറുപ്പൻ, പി.ആർ. ശേഖർബാബു, അനിത രാധാകൃഷ്ണൻ എന്നിവർ സുബ്ബുലക്ഷ്മിക്ക് അന്തിമോപചാരം അർപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here