ജയ്പൂര്‍. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ രണ്ടു വയസുകാരിയെ രക്ഷിച്ചു
കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരം. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുഞ്ഞിനെ പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടയായിരുന്നു രണ്ടു വയസ്സുകാരി കുഴൽ കിണറിൽ വീണത്.
രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയിലാണ് രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിൻറെ മാതാപിതാക്കൾ വിവരമറിയിച്ചതിന് പിന്നാലെ എൻ ഡി ആർ എഫ് എസ് ഡി ആർ എഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 35 അടി താഴ്ചയിലായിരുന്നു കുഞ്ഞ്. രക്ഷാപ്രവർത്തനം നീണ്ടതോടെ കുഞ്ഞിന് ഓക്സിജനും ഭക്ഷണവും കുഴൽ കിണറിൽ എത്തിച്ചു. ക്യാമറകളിലൂടെ കുഞ്ഞിൻറെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു. കുഴൽക്കിണറിന് സമീപം സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കി. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി.
ഒടുവിൽ 18 മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയകരം. കുഴൽ കിണറിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എത്തിച്ചു.
കുഞ്ഞിനെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് ദൗസ എസ് പി രഞ്ജിത ശർമ്മ. പുറത്തെത്തിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.