25,000 രൂപ റിവാർഡ്, പൊലീസിനെ ഏറെ വട്ടം കറക്കിയ ‘ലേഡി ഡോൺ’; ഗ്യാങ്‌സ്റ്റർ കപിലിൻറെ പങ്കാളി കാജൽ അറസ്റ്റിൽ

Advertisement

മുംബൈ: ഈ വർഷം ജനുവരിയിൽ എയർ ഇന്ത്യ ക്രൂ അംഗത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവിൻറെ പങ്കാളി അറസ്റ്റിൽ. നോയിഡയിലെ ജിമ്മിൽ നിന്ന് ഇറങ്ങിയ സൂരജ് മാൻ (30) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും പിടിയിലായത്.

ലേഡി ഡോൺ എന്നറിയപ്പെടുന്ന കാജൽ ഖത്രിയാണ് അറസ്റ്റിലായത്. ഗ്യാങ്‌സ്റ്ററായ കപിൽ മാൻറെ പങ്കാളിയാണ് കാജൽ. കപിലിൻറെ നിർദേശപ്രകാരമാണ് മറ്റൊരു ഗുണ്ടാ നേതാവായ പർവേഷ് മാൻറെ സഹോദരൻ സൂരജ് മാനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

ജനുവരി 19 ന് എയർ ഇന്ത്യ അംഗമായ സൂരജ് മാൻ നോയിഡയിലെ തൻറെ വസതിക്ക് സമീപമുള്ള ജിമ്മിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. എംസിഒസിഎ കേസിൽ ജയിലിൽ കഴിയുന്ന നീരജ് ബവാനിയ സംഘത്തിലെ പ്രധാന അംഗമായ പർവേഷ് മാൻ ആയിരുന്നു ഇയാളുടെ സഹോദരൻ.

സൂരജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 2018 ജൂലൈയിൽ ആരംഭിച്ച ലോറൻസ് ബിഷ്‌ണോയ്-ഗോഗി സംഘത്തിലെ അംഗമായ പർവേഷും കപിൽ മാനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. കപിൽ മാൻറെ പിതാവിൻറെ കൊലപാതകത്തിന് പിന്നിൽ പർവേഷ് മാൻ ആണെന്നും ഇതിൻറെ പ്രതികാരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. കാജൽ ഖത്രി കൊലപാതകക്കേസിൽ പ്രതിയാണെന്നും പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കപിലിൻറെ അഭാവത്തിൽ കാജൽ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്.