‘ക്ഷേത്രങ്ങളിൽ ആനകൾ വേണ്ട’; സുബ്ബുലക്ഷ്മിയുടെ വിയോഗത്തിൽ സർക്കാരിന് കത്ത്

Advertisement

ചെന്നൈ: ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 54 വയസുകാരിയായ സുബ്ബുലക്ഷ്മി എന്ന പിടിയാന ചരിഞ്ഞതിനെ തുടർന്ന് മൃഗസ്നേഹികൾ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വളർത്തുന്ന ആനകളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.

‘സുബ്ബുലക്ഷ്മിയുടെ മരണത്തിന് കാരണം തീയാണ്. എങ്കിലും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. യഥാർഥ ആനകളെ ക്ഷേത്രങ്ങളിൽ ആവശ്യമില്ല. ആനയെ അവിടെനിന്നും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ദാരുണസംഭവം ഉണ്ടാകില്ലായിരുന്നു. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് ആനകൾ കാടുകളിൽ ആവശ്യമാണ്.’–മൃഗസംരക്ഷകർ പറഞ്ഞു.

1971ലാണ് സുബ്ബുലക്ഷ്മി കാരൈക്കുടിക്ക് സമീപത്തുള്ള കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മേൽക്കൂരയ്ക്ക് തീപിടിക്കുകയും ചങ്ങലയ്ക്കിട്ട ആനയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. ആനയുടെ അന്ത്യനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.