കൊൽക്കത്ത. ആർ ജി കോർ മെഡിക്കൽ കോളേജിൽ ബലാല്‍സംഗത്തിന് ഇരിയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടിയുള്ള ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന് ഭാഗികമായി അവസാനിപ്പിക്കും. 41 ദിവസത്തിനു ശേഷമാണ് ഡോക്ടേഴ്സ് സമരം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന മുന്നിൽ 10 ദിവസമായി നടത്തിയ ധർണയും ഡോക്ടർസ് അവസാനിപ്പിച്ചു. സ്വാസ്ഥ്യ ഭവനിൽ നിന്നും സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടിയന്തര സേവനങ്ങളിൽ മാത്രമാണ് ജോലിയിൽ തിരികെ പ്രവേശിക്കുക എന്നും, ഒ പി അടക്കമുള്ള വിഭാഗങ്ങളിൽ സേവനത്തിൽ എത്തില്ലെന്ന് ഡോക്ടേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂനിയർ ഡോക്ടേഴ്സ് സമരം ഭാഗികമായി പിൻവലിച്ചെങ്കിലും, ആരോഗ്യ പ്രവർത്തകരടക്കമുള്ള പ്രതിഷേധക്കാർ സമരം തുടരുമെന്ന് അറിയിച്ചു.
ഹിലാൻഡ് പാർക്ക് മുതൽ ശ്യാംബസാർ വരെ കായിക താരങ്ങൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടന്നു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, മൊബൈൽ ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, എസ് എച്ച് ഒ അഭിജിത്ത് മൊണ്ഡൽ എന്നിവരുടെ കസ്റ്റഡികാലാവധി ബുധനാഴ്ച വരെ നീട്ടി.