റോ, ഇന്ത്യന്‍ സുരക്ഷയുടെ താക്കോല്‍

Advertisement

ന്യൂഡെല്‍ഹി. ഇന്ന് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി റോ യുടെ സ്ഥാപക ദിനം.1968 സെപ്റ്റംബർ 21 നാണ് റിസർച് ആന്റ് അനാലിസിസ് വിങ് എന്ന റോ സ്ഥാപിതമായത്. ചെയ്യുന്ന സേവനത്തിന് പുരസ്‌കാരങ്ങളോ പ്രശസ്തി പത്രങ്ങളോ ഇല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ വ്യക്തിത്വംപോലും ഇല്ല. കാണാമറയത്തിരുന്നു നമുക്ക് സംരക്ഷണ കവചമൊരുക്കുന്ന ആ ധീരരായ ഉദ്യോഗസ്ഥരാണ് ഇന്ത്യയുടെ നിലനില്‍പ്പിന് പലപ്പോഴും ആധാരമാകുന്നതെന്ന് നാം മനസിലാക്കുന്നു. അവരെ ഓർക്കാനുള്ള അവസരം കൂടിയാണ് ഇത്.

റോ ഇന്ന് ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന സംഘടനയാണ്. അദൃശ്യമായ ഇന്ത്യയുടെ കരുത്തുറ്റ രഹസ്യ അന്വേഷണ ഏജൻസി.രാജ്യത്തിനു പുറത്ത് രഹസ്യങ്ങൾ തേടുന്നവർ. ഇന്ത്യയുടെ ഏറ്റവും ബലിഷ്ഠമായ രക്ഷാ കവചം.1962-ൽ ചൈനയോടെറ്റ പരാജയത്തിന് പിന്നാലെയാണ്,പ്രത്യേക ബാഹ്യ രഹസ്യാന്വേഷണ ഏജൻസിയുടെ ആവശ്യകത ഇന്ത്യ തിരിച്ചറിഞ്ഞത്. 1968-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായെത്തിയതിനു പിന്നാലെ റോ രൂപീകരിക്കപ്പെട്ടു.

രാജ്യം കണ്ട ഏറ്റവും മികച്ച രഹസ്യന്വേഷണ വിദഗ്ധൻ രമേശ്വർ നാഥ് കാവോ യുടെ നേതൃത്വത്തിലായിരുന്നു രൂപീകരണം. പിന്നീട് ഇങ്ങോട്ട് അര നൂറ്റാണ്ടിനിടെ ലോകം അറിഞ്ഞതും അറിയാത്തതുമായ പല സംഭവങൾക്ക്‌ പിന്നിലും റോയുടെ അദൃശ്യ കരങ്ങളുണ്ട്.

ബംഗ്ലാദേശ് രൂപീകരണം,സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കൽ,ആണവ പദ്ധതിയുടെ സുരക്ഷ,എന്നിങ്ങനെ പുറത്തറിഞ്ഞത് ചുരുക്കം ചിലത് മാത്രം.യു എസ് ന്റെ CIA ക്കും,ബ്രിട്ടൻ്റെ എംഐ6 മൊപ്പം ലോകത്തിലെ മികച്ച 5 രഹസ്യന്വേഷണ ഏജൻസികളുടെ പട്ടികയിൽ റോയുമുണ്ട്.

ആക്രമണം ചെറുക്കല്‍മാത്രമല്ല ഇന്ന് റോ നിര്‍വഹിക്കുന്നത്. ശത്രു വിന്റെ പാളയത്തിൽ കടന്നു കയറി അവർ പോലുമറിയാതെ അവരെ ഇല്ലായ്മ ചെയ്യുന്ന പദ്ധതി എതിരാളികളെ തകര്‍ത്തു നിലംപരിശാക്കുന്നത് നമ്മള്‍ കാണുന്നു. ഇന്ത്യയില്‍ അസ്വസ്ഥത പടര്‍ത്താന്‍ പദ്ധതിയിടുന്ന കരങ്ങളെ ഉറവിടത്തില്‍ ഇല്ലാതാക്കുന്ന റോ യുടെ ചുണകുട്ടികളുടെ പേര് ഒരു പുരസ്‌കാര പട്ടികയിലും കാണാറില്ല. 250 പേരുമായി ആരംഭിച്ച ഏജൻസിയിലെ ഇന്നത്തെ അംഗ സംഖ്യയും ബജറ്റും അജ്ഞാതം. എന്നാൽ ഇന്ത്യക്ക്‌ നേരെ വിരൽ ചൂണ്ടിയ വിദേശ കരങ്ങള്‍ വിറയ്ക്കുമ്പോള്‍ നമ്മളറിയണം അവിടെ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യമുണ്ടെന്ന്.