‘മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു; കെജ്‌രിവാളാണ് കുടുക്കിയതെന്നു പറഞ്ഞു’

Advertisement

ന്യൂഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. രണ്ടു മൂന്നു മാസത്തിനുള്ളിൽ കെജ്‌രിവാൾ തിരിച്ച് മുഖ്യമന്ത്രിപദത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

‘‘അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കെജ്‌രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോടു പറഞ്ഞത്. അവർ കോടതിയിൽ മനീഷ് സിസോദിയയുടെ പേര് പറഞ്ഞത് അരവിന്ദ് കെജ്‌രിവാളാണെന്ന് പറഞ്ഞു. ജയിലിൽ വച്ച് എന്നോട് കെജ്‌രിവാളിന്റെ പേര് പറഞ്ഞാൽ രക്ഷപ്പെടാം എന്നു പറഞ്ഞു.’’ ജനതാ കി അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നോട് ബിജെപിയിലേക്ക് മാറാൻ നിർദേശിച്ചെന്നും സിസോദിയ പറഞ്ഞു. ‘‘അവരെന്നോട് എന്നെ കുറിച്ച് ചിന്തിക്കാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ആരും ആരെക്കുറിച്ചും ചിന്തിക്കില്ലെന്ന് പറഞ്ഞു. എന്നോട് കുടുംബത്തെ കുറിച്ചും രോഗബാധിതയായ ഭാര്യയെ കുറിച്ചും മകനെ കുറിച്ചും ചിന്തിക്കാൻ പറഞ്ഞു. നിങ്ങൾ രാമനെയും ലക്ഷ്മണനെയും പിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. അതുചെയ്യാൻ ലോകത്തിലെ ഒരു രാവണനും ശക്തിയില്ലെന്നും ഞാൻ പറഞ്ഞു. കഴിഞ്ഞ 26 വർഷമായി കെജ്‌രിവാൾ എന്റെ സഹോദരനും രാഷ്ട്രീയത്തിൽ വഴികാട്ടിയുമാണ്.’’ സിസോദിയ പറഞ്ഞു.

താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.‘‘ 2002ൽ ഞാൻ മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത്, അഞ്ചുലക്ഷം രൂപയുള്ള ഫ്ളാറ്റ് ഞാൻ വാങ്ങിയിരുന്നു. അത് പോയി. എന്റെ അക്കൗണ്ടിൽ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. അതും എടുത്തു. മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു. ഞാനവരോട് പറഞ്ഞു എനിക്ക് മകന്റെ ഫീസടയ്ക്കേണ്ടതുണ്ടെന്ന്, ഇഡി എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. ’’- സിസോദിയ പറഞ്ഞു. ഏകദേശം ഒന്നരവർഷത്തോളമാണ് സിസോദിയ ജയിലിൽ കിടന്നത്. അറസ്റ്റിലായതിനെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here