വിമാനത്തിൽ 2 വയസുകാരിക്ക് നൽകിയ ഓംലെറ്റിന്റെ അവസ്ഥ, ചിത്രങ്ങൾ പുറത്തുവിട്ട് യാത്രക്കാരി; പ്രതികരിച്ച് കമ്പനി

Advertisement

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് നൽകി. ഓംലറ്റിൽ നിന്ന് പാറ്റയെ കിട്ടിയെന്ന ആക്ഷേപവുമായി യാത്രക്കാരി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇവർ വ്യക്തമാക്കി. ഓംലെറ്റിന്റെ ചിത്രങ്ങളും ഒരു വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു.

സെപ്റ്റംബ‍ർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എ.ഐ 101 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീയാണ് ആക്ഷേപം ഉന്നയിച്ചത്. തന്റെ രണ്ട് വയസുള്ള കുട്ടി ഭക്ഷണത്തിന്റെ പകുതിയിലധികം കഴിച്ചു കഴി‌ഞ്ഞ ശേഷമാണ് അതിനുള്ളിൽ പാറ്റയെ കണ്ടെതെന്നും പിന്നീട് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നും പോസ്റ്റിൽ പറയുന്നു. യാത്രക്കാരി പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, പകുതി കഴിച്ചു തീർത്ത ഭക്ഷണത്തിനിടയിൽ പാറ്റയെ വ്യക്തമായി കാണാം. എയർ ഇന്ത്യയെയും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും ടാഗ് ചെയ്താണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിങ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവ‍ർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മുൻനിര വിമാന കമ്പനികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സ്ഥാപങ്ങളാണ് എയർ ഇന്ത്യ വിമാനങ്ങളിലും ഭക്ഷണം എത്തിക്കുന്നതെന്നും അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, കർശനമായ പ്രവർത്തന നിബന്ധനകളിലൂടെയും സുരക്ഷാ പരിശോധനകളിലൂടെയും ഉറപ്പാക്കുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Advertisement