ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

Advertisement

സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.
1976 ല്‍ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞതവണ വെറ്ററന്‍ ബോളിവുഡ് നടി വഹീദാ റഹ്മാനാണ്, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.

Advertisement