70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Advertisement

70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ നടത്താനാവുക.

ആപ്പിലും വെബ്സൈറ്റിലും രജിസ്ട്രേഷനായി പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി എൽ എസ് ചാങ്‌സാൻ സംസ്ഥാനങ്ങൾക്ക് കത്തിയച്ചു.
വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തിലാകും. ആധാറാണ് രജിസ്ട്രേഷനു വേണ്ട ഏക രേഖ. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വയസ്സു നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഭാഗമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അഡീഷനൽ സെക്രട്ടറി പറഞ്ഞു.

Advertisement