‘എട്ടു വയസ്സുകാരി കണ്ടത് അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുന്ന മകനെ’: യുവാവിന് വധശിക്ഷ

Advertisement

മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് (42) വധശിക്ഷ തന്നെ നൽകണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

‘പ്രതി അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, കുടൽ എന്നിവ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തു. വാരിയെല്ലുകളും പാകം ചെയ്തു. ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റവാളിയുടെ മനഃപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്തേക്കാം. കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കൽപിക്കാൻ പോലും കഴിയുന്നതല്ല’ ’– കോടതി പറഞ്ഞു.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ കോലാപുരിലെ വസതിയിൽ 2017 ഓഗസ്റ്റ് 28നാണ് 63 വയസ്സുള്ള അമ്മ യല്ലാമ കുച്ച്‌കൊരവിയെ മകൻ സുനിൽ ദാരുണമായി കൊലപ്പെടുത്തിയത്. അയൽവാസിയായ എട്ടു വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും. തുടർന്ന് പൊലീസ് എത്തുമ്പോൾ സുനിൽ അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുകയായിരുന്നു.

മദ്യത്തിന് അടിമയായ ഇയാളെ ഉപേക്ഷിച്ച ഭാര്യ, മൂന്നു മക്കളുമായി തന്റെ വീട്ടിലേക്കു താമസം മാറിയിരുന്നു. അതോടെയാണ് അമ്മയ്ക്കു നേരെയുള്ള ഉപദ്രവം കൂടിയത്. മദ്യപിക്കാൻ പണത്തിനായി, അമ്മയുടെ നാമമാത്ര പെൻഷൻ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2021ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുണെ യേർവാഡ സെൻട്രൽ ജയിലിൽ കഴിയുന്ന സുനിലിനെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയിച്ചത്.