പൂനെ. ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം സ്വദേശി ഗിരീഷ് കുമാറാണ് മരിച്ച മലയാളി. രാവിലെ ഏഴ് മണിയോടെയാണ് പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.
ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഹെറിറ്റേജ് എവിയേഷന്ർറെ ഹെലികോപ്റ്ററാണ് രാവിലെ തകർന്ന് വീണത്. പൂനെയിലെ ഒക്സ്ഫഡ് ഗോൾഫ് ക്ലബ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനകം ഹെലികോപ്റ്റർ നിലംപതിച്ചു. രണ്ട് പൈലറ്റുമാരു ഒരു എഞ്ചിനീയറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയായിരുന്നു മുഖ്യ പൈലറ്റ്. അപകടത്തിൽ മൂവരും മരിച്ചു. മൃതദേഹം പൂനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി. വ്യോമ സേനയിൽ നിന്ന് വിരമിച്ച പൈലറ്റാണ് ഗിരീഷ് കുമാർ. ഹൈദരാബാദിലാണ് താമസം. കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻസിപി നേതാവ് സുനിൽ തത്കരെ ഇന്നലെ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകർന്നത്