കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി

Advertisement

ബംഗളൂരു: കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

Advertisement