കൊല്‍ക്കൊത്ത. പശ്ചിമ ബംഗാളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ബാലാൽ സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം ഗംഗ തീരത്തു നിന്നു കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ പോലീസ് ഔട്ട് പോസ്റ്റിനു തീവച്ചു. പ്രതിഷേധവുമായി ബിജെപി യും സിപിഐ എമും രംഗത്ത്.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിലാണ് സംഭവം.ഇന്നലെ വൈകീട്ട് ട്യൂഷൻകഴിഞ്ഞു മടങ്ങിയ 9 വയസ്സുകാരി വീട്ടിൽ എത്തിയില്ല.കുട്ടിയെ കാണാതായതായി രാത്രി 9 മണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മഹിസ്മാരിയിൽ ഗംഗ തീരത്തു നിന്നും മൃതദേഹം കണ്ടെത്തി.
കുട്ടി യെ ക്രൂര ബാലാൽ സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ മഹിസ്മാരി പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
വാഹനഗതാഗതം തടസ്സപ്പെടുത്തിയ നാട്ടുകാർ പോലീസുമായി ഏറ്റുമുട്ടി. ആശുപത്രിയിൽ മൃതദേഹം കാണാൻ എത്തിയ തൃണമൂൽ കോണ്ഗ്രസ് എം എൽ എ ഗണേഷ് മൊണ്ഡലിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
സംഘർഷ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
എന്നാൽ പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ബിജെപി നേതാവ് അഗ്നിമിത്ര പാലും സിപിഐ എം നേതാവ് മീനാക്ഷി മുഖർജിയും ജയ്നഗറിലെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.