ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ജമ്മു കശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ഹരിയാനയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ബിജെപിക്ക് മാസങ്ങള്‍ കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതായിരുന്നു. ആദ്യ രണ്ട് മോദി സര്‍ക്കാരുകളും അഭിമുഖീകരിക്കാത്ത പ്രതിപക്ഷ വെല്ലുവിളി ഇത്തവണ മോദി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിയേയും ബിജെപിയേയും വിമര്‍ശിച്ചത്.