ജമ്മുകാശ്മീരില്‍ കുതിപ്പ് തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കൂറ്റന്‍ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവില്‍ 52 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 28 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി 2 സീറ്റുകളിലും മറ്റുള്ളവര്‍ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നത്.
90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും അധികാരം പിടിക്കാന്‍ 2014 നേതിന് സമാനമായ കളികള്‍ ബി ജെ പി പുറത്തെടുക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പി ഡി പിയുടേയും സ്വതന്ത്രരുടേയും പിന്തുണ നേടാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു.
തിരഞ്ഞെടുപ്പിന് മുന്‍പ് പി ഡി പിയുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് ഇപ്പോള്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമായി. സഖ്യം ആവശ്യമില്ലെങ്കിലും പി ഡി പി പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു ഒമര്‍ അബ്ദുള്ളയുടെ നിലപാട്. ഇപ്പോള്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് പ്രാധാന്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കവെ സഖ്യം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് ആരുമായും അകല്‍ച്ച ഇല്ലെന്ന നിലപാടാണ് ഒമര്‍ പങ്കുവെച്ചത്. അതേസമയം സഖ്യം സംബന്ധിച്ച് പി ഡി പിയും മനസ് തുറന്നിട്ടില്ല. ഫലം വരട്ടെ എന്ന നിലപാടിലാണ് നേതൃത്വം. അതിനിടെ സംസ്ഥാനത്ത് 5 പേരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ജനവിധിക്ക് തുരങ്കം വെയ്ക്കുന്നതാണ് ഗവര്‍ണര്‍ക്കുള്ള അധികാരമെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നുമാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. രണ്ട് സ്ത്രീകള്‍, രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധീന കശ്മീരില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരാള്‍ എന്നിങ്ങനെ അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്കുള്ളത്.
ജമ്മു കാശ്മൂരില്‍ 2014 ലായിരുന്നു അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമായിരുന്നു ബി ജെ പി പ്രതീക്ഷിച്ചത്. ജമ്മുവില്‍ കൂറ്റന്‍ വിജയം നേടി കാശ്മീരില്‍ സ്വതന്ത്രരുടേയും ചെറുപാര്‍ട്ടികളുടേയും പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കാമെന്നായിരുന്നു പാര്‍ട്ടി കണക്ക് കൂട്ടല്‍. എന്നാല്‍ ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ പാടെ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ ഫലം.