ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്

Advertisement

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ പോയ ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്.
അതേസമയം എഎപിക്ക് ഒരിടത്തും വിജയിക്കാനായില്ല.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരായ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡ, മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹന്‍, സാവിത്രി ജിന്‍ഡാല്‍, ആദിത്യ സുര്‍ജേവാല തുടങ്ങിയവര്‍ ലീഡു ചെയ്യുകയാണ്. ബിജെപി നേതാവും സംസ്ഥാന ആഭ്യന്ത്രമന്ത്രിയുമായ അനില്‍ വിജും തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ലീഡ് തിരിച്ചു പിടിച്ചിട്ടുണ്ട്. അതേസമയം മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാല, ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാല, ബിജെപി നേതാവ് ക്യാപ്റ്റന്‍ അഭിമന്യു തുടങ്ങിയവര്‍ പിന്നിലാണ്.
ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

Advertisement