ബസിന്റെ വിന്‍ഡോയിലേക്ക് ചാടിക്കയറി പുലി… ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ആപത്ത് ഒഴിവായി

Advertisement

ബസിന്റെ വിന്‍ഡോയിലേക്ക് ചാടിക്കയറി പുലി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ആപത്ത് ഒഴിവായി. കര്‍ണാടകയില്‍ ബംഗളൂരുവിന് അടുത്തുള്ള ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരി ബസിന്റെ വിന്‍ഡോയിലേക്ക് ആണ് പുലി ചാടി കയറിയത്.
നിറയെ സഞ്ചാരികള്‍ ഉണ്ടായിരുന്ന ബസിന്റെ വിന്‍ഡോയിലൂടെ അകത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതാണ് ആപത്ത് ഒഴിവാക്കിയത്. വാഹനം മുന്നോട്ടെടുത്തതോടെ വിന്‍ഡോയില്‍ നിന്നുള്ള പിടിവിട്ട് പുലി കാട്ടിലേക്ക് തന്നെ തിരികെ പോയി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വന്യജീവികളെ അടുത്തറിയാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പെട്ടെന്ന് പുലി ബസിലേക്ക് ചാടിക്കയറുകയായിരുന്നു. വിനോദസഞ്ചാരികളാണ് സംഭവം കാമറയില്‍ പകര്‍ത്തിയത്.