നാല് അഗാധ പ്രണയങ്ങൾ; എങ്ങും എത്തിയില്ല: സഹിക്കാൻ പ്രയാസമെന്ന് സിമി ഗരേവാൾ

Advertisement

“നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, എന്നാൽ ഒത്തിരി ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക”- രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ഒത്തിരിപേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. മരണം വരെ അദ്ദേഹത്തിനൊപ്പം നടക്കാൻ ഒരു ജീവിതപങ്കാളി ഉണ്ടായിരുന്നില്ല.

പക്ഷേ, ജീവിതത്തിൽ നാല് ഗാഢമായ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രത്തൻ ടാറ്റ തന്നെ അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. അതിലൊന്നാണ് നടിയും അവതാരകയുമായ സിമി ഗരേവാളിന്റെ പേര്. രത്തൻ ടാറ്റയുടെ മരണത്തിൽ സിമി കുറിച്ച വാക്കുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. “നിങ്ങള്‍ പോയി എന്ന് എല്ലാവരും പറയുന്നു, സഹിക്കാൻ പ്രയാസം, ഏറെ പ്രയാസം, യാത്ര പ്രിയ സുഹൃത്തേ” എന്നാണ് സിമി സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഒരു കാലത്ത് സിമിയും രത്തൻ ടാറ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2011-ല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിമി ടാറ്റയുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി പറഞ്ഞത്. ‘രത്തനും ഞാനും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണ്. വളരേയധികം നര്‍മബോധമുള്ള, എളിമയുള്ള, മാന്യനായ വ്യക്തിയാണ് രത്തന്‍’ സിമിയുടെ വാക്കുകളാണിവ. വേർപിരിയലിനു ശേഷവും രത്തൻ ടാറ്റയും സിമി ഗരേവാളും നല്ല സുഹൃത്തുക്കളായി തുടർന്നു.

ജീവിതത്തിൽ നാല് തവണ വിവാഹത്തിന് അടുത്തുവരെ എത്തിയ ബന്ധങ്ങൾ അതിൽ കലാശിക്കാതെ പോയി. ശേഷം ജോലി തിരക്കുകളിൽ മുഴുകി നിന്നപ്പോൾ ജീവിതത്തിലെ ഒരു വലിയ കാലഘട്ടം അങ്ങനെ കടന്നു പോയി. തന്റെ പ്രണയങ്ങളെപ്പറ്റി നിരവധി തവണ അഭിമുഖങ്ങളിലും മറ്റുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. പങ്കാളിയില്ലാത്ത ജീവിതത്തെപ്പറ്റി അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെനെയാണ്: “ഭാര്യയോ കുടുംബമോ ഇല്ലാത്തതിനാൽ എനിക്ക് ഏകാന്തത അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ഞാൻ അതിനായി കൊതിക്കും. എന്നിരുന്നാലും, മറ്റാരുടെയും വികാരങ്ങളെക്കുറിച്ചോ മറ്റാരുടെയെങ്കിലും ആശങ്കകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്ന സ്വാതന്ത്ര്യം ഞാൻ ചിലപ്പോൾ ആസ്വദിക്കാറുണ്ട്”.