നടുക്കം,ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വട്ടമിട്ട് രണ്ട് മണിക്കൂറോളം, ഒടുവില്‍ ഇറങ്ങി

Advertisement

ചെന്നൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയുടെ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. ട്രിച്ചി ഷാര്‍ജാ വിമാനത്തിലാണ് തകരാറുണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം ഇന്ധനം ഒഴിവാക്കാനായി ആകാശത്ത് വട്ടമിട്ട് പറന്നിരുന്നു. ഈ വിമാനം. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ പിഴവിനെ തുടര്‍ന്ന് വിമാനത്തിന് പ്രശ്നങ്ങള്‍ നേരിട്ടത്.

വിമാനം ലാന്‍ഡ് ചെയ്യാതിരുന്നതോടെ വലിയ ആശങ്കയായിരുന്നു ട്രിച്ചി വിമാനത്താവളത്തില്‍.ഇരുപത് ആംബുലന്‍സുകളും പതിനെട്ടോളം ഫയര്‍ എഞ്ചിനുകളും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഇന്ന് വൈകീട്ട് 5.40ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു വിമാനം. ലാന്‍ഡിങ് ഗിയറിന് പ്രശ്നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരില്‍ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു. വിമാനവും യാത്രക്കാരും സുരക്ഷിതമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഡിജിസിഎ നിലവിലെ സാഹചര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വലിയ അപകടമൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കാന്‍ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയുണ്ടായിരുന്നുവെന്ന് ട്രിച്ചി വിമാനത്താവള ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇരുപതിലധികം ആംബുലന്‍സുകളെയും ഫയര്‍ എഞ്ചിനുകളെയും ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ബെല്ലി ലാന്‍ഡിംഗിന് ഈ വിമാനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ ഗതിയില്‍ തന്നെ സുരക്ഷിതമായി ഇവ ലാന്‍ഡ് ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബെല്ലി ലാന്‍ഡിംഗിന് നിര്‍ദേശിച്ചത്. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ വിമാനത്തിന് ലാന്‍ഡ് ചെയ്യാനായെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷിതമായി എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തതില്‍ വലിയ സന്തോഷമുണ്ട്. ആശങ്കകളെല്ലാം മാറിക്കിട്ടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവയെല്ലാം ഉടനടി നല്‍കാന്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് ക്യാപ്റ്റനെയും ക്രൂവിനെയും അഭിനന്ദിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.