മുതിർന്ന രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖിയെ വെടിവച്ച് കൊന്നു

Advertisement

മുംബൈ.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുംബൈയെ നടുക്കി മുതിർന്ന രാഷ്ട്രീയ നേതാവിനെ വെടിവച്ച് കൊന്നു . എൻസിപി അജിത് പവാർ പക്ഷ നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ച് കൊന്നത്. രണ്ട് പ്രതികൾ പിടിയിലായെന്നും മൂന്നാമനായുള്ള തെരച്ചിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ പറഞ്ഞു.

രാത്രി 9 മണിയോടെയാണ് മുംബൈയെ ഞെട്ടിച്ച കൊലപാതകം നടന്നത്. മകനും എംഎൽഎയുമായി ശീഷാന്ർറെ ബാന്ദ്രാ ഈസ്റ്റിലുള്ള ഓഫീസിനെത്തി മടങ്ങുമ്പോഴാണ് ബാബാ സിദ്ധിഖിക്ക് വെടിയേൽക്കുന്നത്.  രണ്ട് ബൈക്കിലെത്തിയ മൂന്ന് പേരാണ് അക്രമികൾ. ദസറ ആഘോഷത്തിന്ർറെ ഭാഗമായി പടക്കം പൊട്ടിക്കുന്ന ശബ്ദത്തിനിടെയാണ് വെടിവയ്പ്. ബാബാ സിദ്ധിഖിയുടെ നെഞ്ചിലും വയറിലും  വെടിയേറ്റു. ഉടൻ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോളിവുഡുമായി അടുത്ത ബന്ധമുള്ളയാളാണ് ബാബാ സിദ്ദിഖി. വിവരം അറിഞ്ഞ് ബിഗ്ബോസ് ഷോയുടെ ചിത്രീകരണം പാതിവഴിയിൽ നിർത്തി സൽമാൻ ഖാൻ ആശുപത്രിയിലെത്തി. സഞ്ജയ് ദത്ത് അടക്കമുള്ളവരും രാത്രി തന്നെ ആശുപത്രിയിലെത്തി. പിടിയിലായ പ്രതികളിൽ ഒരാൾ ഉത്തർപ്രദേശിൽ നിന്നും ഒരാൾ ഹരിയാനയിൽ നിന്നുമാണ്.

ബാന്ദ്രാ വെസ്റ്റിൽ നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് ജയിച്ചയാളാണ് ബാബാ സിദ്ധിഖി. 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഈ വർഷം ആദ്യമാണ് അജിത് പവാർ വിഭാഗത്തിൽ ചേർന്നത്. പാർട്ടി വിരുധ പ്രവർത്തനത്തിന് എംഎൽഎയായ മകൻ സീശാനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. യൂത്ത് കോൺഗ്രസ് കാലം മുതലുള്ള സുഹൃത്തിനെയാണ് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.