രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്

Advertisement

രാജ്കോട്ട്: രണ്ടാം വിവാഹത്തിൽ തൃപ്തയില്ല. കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി 27കാരി. ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഭിക്ഷാടകനെ. ഗുജറത്തിലെ കച്ചിലാണ് സംഭവം.

വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ആത്മഹത്യ ചെയ്തതായി വീട്ടുകാരെ വിശ്വസിപ്പിക്കുക എന്നത്. തെരുവിൽ നിന്ന് ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
ജൂലൈ 5നായിരുന്നു 27കാരിയായ റാമി കേസരിയ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ഏറെക്കുറെ ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി കണ്ട് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഖാരി ഗ്രാമത്തിലെ ഭർതൃവീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിയുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് ശേഷം സെപ്തംബർ 29ന് യുവതി സ്വന്തം പിതാവിനെ കാണാനെത്തുകയായിരുന്നു. കുറ്റബോധം താങ്ങാനാവാതെ വന്ന യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് വിശദമാക്കി, സഹായിക്കാനും ആവശ്യപ്പെട്ടു. എന്നാൽ വിവരം പൊലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. ഇതിന് വഴങ്ങാതെ യുവതി വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പൊലീസ് ദിവസങ്ങളോളം യുവതിയുടെ കാമുകനെ നിരീക്ഷിച്ച ശേഷമാണ് ശനിയാഴ്ച യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തത്. അനിൽ ഗംഗാൽ എന്ന യുവാവാണ് യുവതിക്കൊപ്പം അറസ്റ്റിലായിട്ടുള്ളത്. ആത്മഹത്യാ നാടകം പ്ലാൻ ചെയ്ത ശേഷം പലയിടങ്ങളിലായി അന്വേഷിച്ച് അന്വേഷിച്ച് വരാൻ ആരുമില്ലാത്തതെന്ന് കരുതിയ ഒരു യാചകനെ കണ്ടെത്തി ഇയാളെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയും കാമുകനും മൊഴി നൽകിയിട്ടുള്ളത്.

ആത്മഹത്യാ നാടകത്തിന് വേണ്ടി ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിൽ ഒളിപ്പിച്ച ശേഷം അവസരം ഒത്തുവന്നതോടെ പദ്ധതി അനുസരിച്ച് ആത്മഹത്യാ നാടകം പ്രാവർത്തികമാക്കുകയായിരുന്നു. അനിലിന്റെ ഭാര്യയ്ക്ക് സംശയം ഉണ്ടാവാതിരിക്കാൻ കുടുംബത്തോട് ഒന്നിച്ച് 27കാരിയുടെ മരണാനന്തര ചടങ്ങുകളിൽ കാമുകൻ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കച്ചിൽ നിന്ന് മാറി മറ്റൊരിടത്ത് യുവതി കാമുകനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിലായിരുന്നു യുവാവ് വീട്ടിൽ നിന്ന് മാറി നിന്നിരുന്നത്.