ലണ്ടൻ: ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.
അതേസമയം അയൽ രാജ്യങ്ങളായ ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ തന്നെ തുടരുകയാണ് ഇന്ത്യ. ശ്രീലങ്ക (56), നേപ്പാൾ (68), ബംഗ്ലദേശ് (84) എന്നിങ്ങനെയാണു പട്ടിക. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയിൽ ബെലാറൂസ്, ബോസ്നിയ, ചിലെ, ചൈന, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്കർ, കോംഗോ എന്നിവയാണ് അവസാന അഞ്ചിൽ
വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന 100 പോയിന്റ് സ്കെയിൽ വിശപ്പില്ലാത്തത് പൂജ്യം, ഏറ്റവും തീവ്രം 100 എന്ന മാനദണ്ഡത്തിലാണ് സ്കോർ തയാറാക്കിയത്. ഇന്ത്യയുടെ പോയിന്റ് 27.3 ആണ്. ഇന്ത്യയിൽ 13.7% ആളുകൾക്ക് പോഷകാഹാരം ലഭിക്കുന്നില്ല. 2.9% കുട്ടികൾ 5 വയസ്സ് ആകുന്നതിനു മുൻപ് മരിക്കുന്നു. ലോകമെമ്പാടുമായി 280 കോടി ആളുകൾക്കു നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും 737 ദശലക്ഷം പേർ ദിവസവും പട്ടിണി അനുഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
False report,