റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, മർദ്ദനം, ദാരുണാന്ത്യം

Advertisement

ഹൈദരബാദ്: തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ മുട്ടിയുരുമ്മി പോയ ബൈക്ക് യാത്രികനോട് പതുക്കെ പോകാമോയെന്ന് ചോദിച്ച വയോധികന് ദാരുണാന്ത്യം. ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ് സംഭവം. ഹൈദരബാദിലെ ആൽവാളിൽ റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെയാണ് യുവാവ് നടുറോഡിൽ കയ്യേറ്റം ചെയ്തത്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ വച്ചുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് യുവാവിന്റെ ക്രൂരത പുറത്ത് വന്നത്. അടിയേറ്റ് നിലത്ത് വീണ വയോധികൻ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ട് നിന്നവരിൽ ചിലർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പൊലീസ് കേസ് എടുത്ത് ഈ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വയോധികൻ തിരക്കേറിയ റോഡിൽ ഏറെ പ്രയാസപ്പെട്ടാണ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത്. വാഹനങ്ങൾ നിർത്താതെ പോകുന്നതും ഏറെ നേരം കാത്ത് നിന്ന ശേഷം രണ്ടും കൽപിച്ച് മുന്നോട്ട് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതിനിടെയാണ് കുട്ടിയടക്കമുള്ള കുടുംബം വയോധികന്റെ മുന്നിലൂടെ മുട്ടിയുരുമ്മി കടന്ന് പോകുന്നത്. വയോധികൻ ഇവരോട് സംസാരിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് ബൈക്ക് റോഡ് സൈഡിൽ നിർത്തി ഓടിച്ചിരുന്ന യുവാവ് ഇറങ്ങി വന്ന് ഇയാളെ മർദ്ദിക്കുന്നത്. യുവാവിനൊപ്പമുള്ള സ്ത്രീ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനത്തിൽ നിലത്തേക്ക് വീണ വയോധികനെ തിരിഞ്ഞ് പോലും നോക്കാതെ യുവാവ് ബൈക്കിന് സമീപത്തേക്ക് മടങ്ങുമ്പോൾ യുവതി വയോധികനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വയോധികൻ അനങ്ങുന്നില്ലെന്ന് കണ്ടതോടെ ബൈക്കിന് സമീപത്തേക്ക് യുവതി മടങ്ങിയെത്തുകയും. ഇവർ സംഭവ സ്ഥലത്ത് നിന്ന് ബൈക്കിൽ കയറി പോവുകയുമായിരുന്നു.